General Information

Mechanical Tip

🔧 Mechanical Tip 🔧

⚠രാവിലെ ഉണരുമ്പോൾ തന്നെ കേൾക്കുന്നത് അയലത്തെ വീടുകളിൽ നിന്നുള്ള നിലവിളിയാണ്‌.
വെറും നിലവിളിയല്ല, ബൈക്കുകളുടെ നിലവിളി.
നമ്മളിൽ പലരും കാണിക്കുന്ന ഒരു ഭൂലോക മണ്ടത്തരമാണീ നിലവിളിക്കു പിന്നിൽ.
രാവിലെ ബൈക്ക് സ്റ്റാർട്ടാക്കിയാൽ ആക്സിലറേറ്റർ പിടിച്ച് തിരിച്ച് കുറെ നേരം മൂപ്പിച്ച് വാഹനത്തെ ചൂടാക്കുന്നവരാണ്‌ ഭൂരിപക്ഷവും.
അല്ലെങ്കിൽ വണ്ടിക്കൊരു ഉഷാറില്ലെന്നാണ്‌ പൊതുവെയുള്ള ധാരണ.
എൻജിൻ തണുത്തിരിക്കുന്നതിനാൽ വണ്ടിക്ക് ഉന്മേഷം കുറയുമെന്നത് വാസ്തവം.
തണുത്തിരിക്കുന്ന എൻജിന്റെ പ്രവർത്തനം സാധാരണഗതിയിലേക്കെത്താൻ ഒരു നിശ്ചിത ചൂടിലേക്കെത്തേണ്ടത് ആവശ്യമാണ്‌.
എന്നാൽ അമിതമായി റെവ് അപ്പ് ചെയ്ത് അഥവാ റെയ്സ് ചെയ്ത് എൻജിനെ ചൂടാക്കാൻ ശ്രമിക്കരുത്.
അത് ഗുണത്തെക്കാളേറെ ദോഷമാണ്‌ ചെയ്യുക.
അതിനുള്ള കാരണങ്ങൾ പറയാം.

നമ്മളിലാരെങ്കിലും കിടക്കപ്പായിൽ നിന്നും നേരേ എഴുന്നേറ്റ് ജോലിക്കു പോകുമോ.?
ഇല്ലല്ലോ, അപ്പോൾ അതിനു മുമ്പ് ചെയ്യേണ്ട ചില കർമ്മങ്ങളുണ്ട്. ശരീരം ഒന്നു വാം അപ്പ് ചെയ്താൽ പിന്നെ നമുക്ക് എന്തു ജോലിയും ചെയ്തു തുടങ്ങാം.
അല്ലാതെ ഉറക്കത്തിൽ നിന്നെഴുന്നേറ്റയുടൻ അമ്പതുകിലോയുടെ അരിച്ചാക്കെടുത്ത് തലയിലേറ്റിയാൽ എന്താവും കഥ?
നാം വളരെ ദുർബലരായിരിക്കെ അത്തരമൊരു ഭാരം വഹിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്തത്ര അബദ്ധമാണ്‌.
ഇതേ ക്രൂരതയാണ്‌ തണുത്തിരിക്കുന്ന എൻജിനെ റെവ് അപ് ചെയ്യുന്നതിലൂടെ നാം വാഹനത്തോട് കാണിക്കുന്നത്..
യന്ത്രഭാഗങ്ങൾ തമ്മിലുള്ള ഘർഷണം അഥവാ ഫ്രിക്ഷൻ ഒഴിവാക്കുന്ന ഘടകമാണ്‌ ലൂബ്രിക്കന്റ് ഓയിൽ എന്നറിയാമല്ലോ.
രാത്രിയിൽ നിശ്ചലാവസ്ഥയിലായിരുന്ന എൻജിനിലെ ഓയിൽ രാവിലെയാകുമ്പോൾ ക്രാങ്ക് കേസിന്റെ അടിത്തട്ടിലാവും ഉണ്ടാവുക.
പെട്ടെന്നു സ്റ്റാർട്ട് ചെയ്ത് ഉയർന്ന വേഗതയിൽ എൻജിൻ പ്രവർത്തിക്കുന്ന സമയം കൊണ്ട് ഓയിലിന്‌ പലസ്ഥലങ്ങളിലും എത്തിച്ചേരാനാവില്ല.
പതിനഞ്ചു മുതൽ മുപ്പതു സെക്കൻഡ് വരെ ഐഡ്‌ലിങ്ങിൽ അഥവാ സ്ലോ സ്പീഡിൽ പ്രവർത്തിച്ചാലാണ്‌ ഓയിൽ സർക്കുലേഷൻ സാധാരണഗതിയിലാവുക.
ഈ സമയം കൊണ്ട് എൻജിന്റെ ഘടകങ്ങൾ ചൂടായി, വികസിച്ച് കൃത്യമായി ചേർന്നിരിക്കും.
ഓട്ടോമൊബീൽ എൻജിനീയറിങ്ങ് പഠനകാലത്ത് പ്രാക്ടിക്കലിനു കൊണ്ടുവന്ന വാഹനങ്ങളിലൊന്ന് ഞാൻ രാവിലെ സ്റ്റാർട്ട് ചെയ്ത് ഇരപ്പിക്കാൻ തുടങ്ങിയപ്പോൾ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ കൂടിയായ അധ്യാപകൻ എന്നെ ശകാരിച്ചു.

വിവരക്കേടു കാണിക്കരുത്. വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് അവിടെയിട്ടേക്കു.
അതു തനിയെ വാമപ്പ് ആയിക്കൊള്ളും.
ഡോണ്ട് പുഷ് ഇറ്റ്..!”
ഞാൻ ചമ്മലോടെ വണ്ടി ഐഡ്‌ൽ ചെയ്യാൻ നിർത്തിയിട്ട് ഇറങ്ങി.
അപ്പോൾ അദ്ദേഹം സൈന്യത്തിലെ പതിവു വിശദീകരിച്ചു.
കോൾഡ് സ്റ്റാർട്ടിങ്ങ് ചെയ്യുന്ന വാഹനങ്ങൾ പോലും ഒന്നുരണ്ടു മിനുട്ട് ഐഡ്ൽ ചെയ്യുകയാണ്‌ പതിവ്.
ഈ സമയം കൊണ്ട് ഡ്രൈവർക്ക് വാഹനത്തിന്റെ വിൻഡ് ഷീൽഡ്, റിയർവ്യൂ മിററുകൾ എന്നിവ വൃത്തിയാക്കാം.
ടയറിൽ കാറ്റു കുറവുണ്ടോ എന്ന് കണ്ണോടിച്ചു നോക്കാം.
ഈ സമയം കൊണ്ട് ലൂബ്രിക്കേഷൻ ശരിയാവും, കൂളിങ്ങ് ലിക്വിഡ് എല്ലായിടത്തും ഒരേ ചൂടിലെത്തും.
ശേഷം യാതൊരു മിസിങ്ങോ മടുപ്പോ കൂടാതെ യാത്ര തുടങ്ങാം.

പുതിയ തലമുറ (ഫ്യുവൽ ഇൻജക്റ്റഡ്) വാഹനങ്ങളിൽ കാലാവസ്ഥയ്ക്കും ചൂടിനും അനുസരിച്ച് ഇന്ധനം സ്വയം ക്രമീകരിക്കുന്ന പതിവുള്ളതിനാൽ രാവിലത്തെ ഇരപ്പിക്കൽ പരിപാടി ഒട്ടുമേ ആവശ്യമില്ല.
മോട്ടോർസൈക്കിളുകൾ എയർകൂൾഡ് എൻജിനുകളാണെങ്കിലും സ്ലോസ്പീഡിൽ നിർത്തിയാൽ തനിയേ ചൂടായിക്കോളും.
സ്ലോ സ്പീഡ് നിൽക്കുന്നില്ലെങ്കിൽ ചോക്ക് ഉപയോഗിക്കാം.

ഇനി ഇത്തരം ഇരപ്പിക്കലുകൾ കൊണ്ടു കിട്ടുന്ന ഫലം എന്താണെന്നറിയാം.
ഓയിൽ സർക്കുലേഷനു മുമ്പേ ഹൈസ്പീഡ് റെവിങ്ങ് നടന്നാൽ ക്യാംഷാഫ്റ്റ്, വാൽവ്ട്രെയിൻ, ടൈമിങ്ങ് മെക്കാനിസം തുടങ്ങിയ ഉള്ളിലെ യന്ത്രഭാഗങ്ങൾക്ക് തേയ്മാനം വളരെ വേഗം സംഭവിക്കും.
പിസ്റ്റൺ സ്കർട്ടുകൾക്കും റിങ്ങുകൾക്കുമൊക്കെ കേടുണ്ടാവാൻ സാധ്യത വളരെയേറെയാണ്‌.
ചുരുക്കിപ്പറഞ്ഞാൽ ഓരോ പ്രഭാതത്തിലും നാം ഇല്ലായ്മ ചെയ്യുന്നത് ആ എൻജിന്റെ ആയുസിലെ നൂറുകണക്കിനു കിലോമീറ്ററുകളാണ്‌.

⚠സത്യാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞവർ Share ചെയ്യുക…

Leave a Reply

Your email address will not be published. Required fields are marked *