Uncategorized

​വിത്തുപേനയുമായി ലക്ഷ്മി മേനോൻ.

​വിത്തുപേനയുമായി ലക്ഷ്മി മേനോൻ.
മഷി തീരുമ്പോൾ മണ്ണിലേക്കു വലിച്ചെറിഞ്ഞേക്കുക, മൂന്നാം നാൾ മുളച്ചുയരും ഈ പേന. ആഴ്ചകൾക്കുള്ളിൽ ഇലകളും ചില്ലകളും വിരിയും. മാസങ്ങൾക്കുള്ളിൽ പൂക്കളും കായ്കളും നിറഞ്ഞ മരം.

മാങ്ങയണ്ടി കുഴിച്ചിട്ടു മിനിറ്റുകൾക്കുള്ളിൽ മാവും മാമ്പഴവും സൃഷ്ടിക്ക‍ുന്ന മാന്ത്രികന്റെ കൺകെട്ടുവിദ്യയല്ല ഇത്. മറിച്ച്, ലക്ഷ്മി മേനോൻ എന്ന ഇക്കോപ്രണറുടെ സംരംഭപ്പുതുമ. പേപ്പർകൊണ്ടു നിർമിച്ച് ഉള്ളിൽ വിത്ത് ഒളിപ്പിച്ചുവച്ച ലക്ഷ്മിയുടെ ‘ഓപ്പൺ വിത്ത് ലവ് പേന’കൾക്ക് ഇന്നു രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാരേറെ.
പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലും ഗുജറാത്തിലെ ഗാന്ധി ആശ്രമത്തിലും വിവിധ സർവകലാശാലകളിലും കോളജുകളിലും സ്കൂളുകളിലുമെല്ലാം ലക്ഷ്മിയുടെ പേപ്പർപേനകൾ ‘എഴുത്തുകാർക്ക്’ കൗതുകവും ആനന്ദവും പകരുന്നു. മമ്മൂട്ടിയെയും അമിതാഭ് ബച്ചനെയുമെല്ലാം വിസ്മയിപ്പിച്ച പേപ്പർപേനകളെക്കുറിച്ചും ആ ഇക്കോപ്രണറെ (പരിസ്ഥിതി സംരംഭക) സംബന്ധിച്ചും കൂടുതൽ അറിയും മുമ്പ് പാലക്കാടുവരെ പോയി വരാം.

പാലക്കാടു ജില്ലയിലുള്ള ഗവൺമെന്റ് ഓറിയൻറൽ ഹൈസ്കൂളിലെ ഏതാനും കുട്ടികൾ മാസങ്ങൾ മുമ്പ് രസകരമായ ഒരു അന്വേഷണം നടത്തി. 2500 കുട്ടികൾ പഠിക്കുന്ന തങ്ങളുടെ സ്കൂളിൽനിന്നു വർഷം എത്രത്തോളം മഷി തീർന്ന ബോൾപേനകൾ പ്രകൃതിയിൽ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്ന് അറിയാനുള്ള ശ്രമത്തിൽ സംഘം രണ്ടു മാസത്തിനുള്ളിൽ മണ്ണിൽനിന്നു മാത്രം ശേഖരിച്ചത് ഉപേക്ഷിക്കപ്പെട്ട 9325 പേനകൾ. ഒരു വിദ്യാർഥി ഒരു പേന ഉപയോഗിക്കുന്നത് ഏറിയാൽ ഏഴു ദിവസം. 2500 വിദ്യാർഥികൾ ഒരു അധ്യയനവർഷം പ്രകൃതിയിലേക്കു തള്ളുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷം.

കേരളത്തിലെ മുഴുവൻ വിദ്യാർഥികളുടെയും കണക്കെടുത്താൽ ഉപേക്ഷിക്കപ്പെടുന്ന പേനകളുടെ എണ്ണം എട്ടോ പത്തോ കോടി വരും. പേന ഉപ‍‍യോഗിക്കുന്നത് വിദ‍്യാർഥികൾ മാത്രമല്ലല്ലോ. അപ്പോൾ എണ്ണം പിന്നെയും വർധിക്കുന്നു. കടുത്ത പരിസ്ഥിതിവാദികളുടെപോലും കണ്ണിൽപ്പെടാത്ത പ്ലാസ്റ്റിക് കൂമ്പാരം. ഈ പേനകളുടെ ചെറിയ ശതമാനമെങ്കിലും പരിസ്ഥിതി സൗഹൃദ പേനകൾകൊണ്ട് പകരം വയ്ക്കാനായാൽ പ്രകൃതിയുടെ മേലുള്ള പ്ലാസ്റ്റിക് ഭീഷണി അത്രത്തോളം കുറയും. തീർന്നില്ല, അതിലെ സംരംഭസാധ്യത എത്ര വലുതാണെന്നു കൂടി ചിന്തിച്ചു നോക്കൂ, കടലാസുപേന നിർമാണം കടലാസുപുലിയല്ലെന്നു മനസ്സിലാവും.

പേനകളിൽ പുതുമകൾ സൃഷ്ടിച്ചുകൊണ്ട് ലക്ഷ്മി അതിനെ ലാഭകരമായ സംരംഭമാക്കി വളർത്തിയിരിക്കുന്നു. എറണാകുളത്തിനടുത്ത് അരയൻകാവിലുള്ള ലക്ഷ്മിയുടെ വീടുതന്നെയാണ് പേനനിർമാണശാല. ജോലിക്കാരായി അഞ്ചു സ്ത്രീകൾ. കടലാസുപേനയുടെ വില ഒന്നിനു 12 രൂപ.സമീപത്തുള്ള പ്രസ്സിൽനിന്നു ശേഖരിക്കുന്ന പാഴ്ക്കടലാസുകൾ പ്രയോജനപ്പെടുത്തിയാണ് പേന നിർമാണം. ജി‍ല്ലാ ആശുപത്രിയുടെ കേസ് ഷീറ്റുകൾ അച്ചടിച്ചശേഷം മുറിച്ചു മാറ്റുന്ന തുണ്ടു കടലാസിന് കൃത്യം ഒരു പേനയുടെ വലുപ്പമെന്നു ലക്ഷ്മി. നിർമാണം പൂർണമായും കൈവേല. ഒരോ ആവശ്യത്തിനും ഇണങ്ങിയ ചിത്രങ്ങളും എഴുത്തുകളും സ്ക്രീൻ പ്രിന്റ് ചെയ്ത് പേന ആകർഷകമാക്കും. ഉദാഹരണത്തിന് ഗാന്ധി ആശ്രമത്തിലേക്ക് അയയ്ക്കുന്നവയിൽ ഗാന്ധി സൂക്തങ്ങൾ. സെമിനാറുകൾക്കുള്ളവയിൽ അതതു ചർച്ചാവിഷയങ്ങൾ. ദൈവങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ‍്ത പേനകൾക്ക് പരീക്ഷക്കാലത്ത് വലിയ ഡിമാൻഡാണ്.
അഗസ്ത്യമരത്തിന്റെ വിത്തുകൾ ഒളിപ്പിച്ച പേനകൾ പുറത്തിറക്കിയതോടെ പേപ്പർ പേനകൾക്ക് ഡിമാൻഡ് കൂടി. പേനയ്ക്കായി നിർമിക്കുന്ന അടപ്പുകളിൽ ചിലതിന് നിർമാണവേളയിൽ കേടുണ്ടാകാറുണ്ട്. ഉള്ളിൽ വിത്തു നിറച്ച് ഇരുവശവും ഒട്ടിച്ച് അവയും വിപണനത്തിനുണ്ട്.
പേനയിൽ കൂടുതൽ ഇനങ്ങളുടെ വിത്തുകൾ ഒളിപ്പിക്കാനൊരുങ്ങുകയാണ് ലക്ഷ്മി. ‘ഇടമില്ല, അല്ലെങ്കിൽ പേപ്പർപേനയിൽ ചക്കക്കുരുതന്നെ ഒളി‍പ്പിച്ചേനെ’യെന്നും ചിരിയോടെ ലക്ഷ്മി.
ഇ-മെയിൽ: 2pureliving@gmail.com
Read more at: http://www.manoramaonline.com/karshakasree/agripreneur/seed-pens-by-lakshmi-menon.html

Leave a Reply

Your email address will not be published. Required fields are marked *